ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾ മറ്റുള്ളവർക്ക് പ്രീയങ്കരനാകും

610

എന്റെ ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കളാണ് എന്നു പറയുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ടാകും. എങ്ങനെയാണ് നല്ല സൗഹൃദങ്ങൾ നേടാനാവുക? എങ്ങനെയാണ് കുടുംബത്തിൽ സമാധാനാന്തരീക്ഷം നില നിർത്താനാവുക? എങ്ങനെയാണ് സഹപ്രവർത്തരുടെ ഇഷ്ടം നേടുക? ഇതൊന്നും ഒരുപാട് ചിന്തിച്ചു കണ്ടുപിടിച്ചു സാധ്യമാകുന്ന ഒന്നല്ല. നമ്മുടെ പെരുമാറ്റം മാത്രമാണ് ഇതിനെല്ലാം അടിസ്ഥാനം. നമ്മളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോട് നമ്മളും പെരുമാറണമെന്നാണ് പൊതുവെ പറയാറുള്ളത്. സൗഹൃദങ്ങൾക്കിടയിൽ പ്രിയപ്പെട്ടവനായി മാറാനുള്ള 10 കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1. സൗമ്യത: എപ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരിയും കണ്ണുകളിൽ തെളിച്ചവുമായി സൗമ്യതയോടെ എത്തുന്ന ഒരാളെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാനാവുക. സാഹചര്യങ്ങൾ ഏതു രീതിയിലുള്ളതായാലും സൗമ്യത കൈവിടാതിരിക്കാൻ നമുക്ക് കഴിയണം. പരുക്കനായ പെരുമാറ്റം ഒന്നും നേടിത്തരുന്നില്ലെന്നു മാത്രമല്ല പലതും നഷ്ടപ്പെടുത്തുകയും ചെയ്തെന്നു വരാം.

2. നിഷ്കളങ്കമായ ചിരി: ഇന്ന് പലരും മറന്നു പോകുന്ന ഒന്നാണ് ചിരി. എതിരെ വരുന്നവരെ കണ്ടാൽ, നല്ല തമാശകൾ കേട്ടാൽ ഒക്കെ ഒന്ന് ചിരിക്കാൻ കഴിയാതെ, മസിലു വീർപ്പിച്ചു നിൽക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ ചെയ്യുന്നത് നമുക്കും ചുറ്റുമുള്ളവർക്കും ഒരുപോലെ പിരിമുറുക്കം ഉണ്ടാക്കുകയെ ഉള്ളൂ.

3. കുറ്റപ്പെടുത്തൽ: എപ്പോഴും എന്തെങ്കിലുമൊക്കെ കാരണം കണ്ടെത്തി കുറ്റം പറയുന്ന മാതാപിതാക്കളും മേലുദ്യോഗസ്ഥരും അറിയുക അവരുടെ ഈ പെരുമാറ്റം നേട്ടത്തേക്കാൾ കൂടുതൽ ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്ന്. കുറ്റപ്പെടുത്തൽ കേൾക്കുന്ന ആളിന്റെ ആത്മവിശ്വാസം കുറയുക മാത്രമല്ല അത് അവരിൽ ദേഷ്യവും വിരോധവും ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇത് ഒരു നല്ല ശീലമല്ല. നല്ല കാര്യങ്ങൾ കാണുമ്പോൾ അഭിനന്ദിക്കാനുള്ള മനസ്സുണ്ടാകണം.

4. മറ്റുള്ളവരെ ബഹുമാനിക്കുക: ഏതൊരു വ്യക്തിയെയും ബഹുമാനിക്കാൻ നമുക്ക് കഴിയണം. അതിനു അയാളുടെ ജോലിയോ, പദവിയോ, സാമ്പത്തിക സ്ഥിതിയോ കണക്കിലെടുക്കേണ്ടതില്ല. ഓരോ വ്യക്തികളും വ്യത്യസ്തരാണെന്നോർക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കില്ല അവരുടെ ചിന്തകളും അഭിപ്രായങ്ങളും. അതിന്റെ പേരിൽ അവരോടു ശത്രുത കാട്ടാനോ മോശമായി പെരുമാറാനോ പോകേണ്ടതില്ല. അവരെ അവരായിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊണ്ട ബഹുമാനിക്കാൻ പഠിക്കുക.

5. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക: എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കുവയ്ക്കാൻ ആരും ആഗ്രഹിക്കാറില്ല. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കു തള്ളിക്കയറുന്നത് വളരെ മോശമായ ഒരു കാര്യമാണ്. അതുപോലെ തന്നെയാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും. ഒരാളെക്കുറിച്ച് അയാളുടെ അസാന്നിധ്യത്തിൽ കുറ്റപ്പെടുത്തി സംസാരിക്കുന്നതും നമ്മുടെ വ്യക്തിത്വത്തിന്റെ വികലതയാണെന്നു മനസ്സിലാക്കുക. ഗോസിപ്പുകൾക്ക് ചെവികൊടുക്കാതിരിക്കുക.

6. പങ്കുവച്ചു കഴിക്കാം: കുടുംബാങ്ങങ്ങളോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പോലും ഇന്ന് പലർക്കും കഴിയാറില്ല. ഒന്നിച്ചിരുന്നു പങ്കുവച്ചു ഭക്ഷണം കഴിക്കുന്നത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. ഓഫീസിലും കൂട്ടുകാരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതും സന്തോഷാവസരങ്ങളിൽ മധുരം പങ്കു വയ്ക്കുന്നതുമൊക്കെ നല്ല സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്. ഞാനെന്ന ഭാവം ഇല്ലാതാക്കുന്നതാണ് ഇത്തരം ഒത്തുകൂടലുകളും പങ്കുവയ്ക്കലുകളും.

7. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക: ഒരു വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായം ഒന്നാകണമെന്നില്ല. ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന രീതിയിൽ തർക്കങ്ങളിൽ ഏർപ്പെടുന്നത് നമ്മിൽ നിന്നും മറ്റുള്ളവർ അകന്നു നിൽക്കാനേ കാരണമാകൂ. തന്റെ അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അനാവശ്യമായി തർക്കിക്കുന്നതും പരുഷമായ വാക്കുകൾ ഉപയോഗിക്കുന്നതും മറ്റുള്ളവർക്ക് അരോചകമാകാനും അവരെ വേദനിപ്പിക്കാനും കാരണമായെന്ന് വരാം. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.

8. ജീവിതവിജയത്തിന് ആരോഗ്യകരമായ മത്സരം മതി: സ്വന്തം കുടുംബത്തിലും ജോലി സ്ഥലത്തുമെല്ലാം മത്സരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്നവരാണ് പലരും. മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലായിരിക്കണം താനെന്ന ചിന്ത. എന്നാൽ ഇത് മറ്റുള്ളവരെ ചവിട്ടി താഴ്ത്തിക്കൊണ്ടാകരുത്. ഉദ്യോഗക്കയറ്റത്തിനായി മത്സരിക്കുമ്പോഴും തന്റെ സഹപ്രവർത്തകരുടെ പ്രയത്നത്തെ ചെറുതാക്കി കാണാതിരിക്കുക. സഹോദരന്റെ വീടിനേക്കാൾ വലിയ വീട് വയ്ക്കണമെന്ന് ആഗ്രഹിക്കുമ്പോഴും അവർക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ ഒരു കൈത്താങ്ങാകുക. അങ്ങനെ സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളർത്തുക. ഒറ്റയ്ക്ക് നിൽക്കുന്നവർ ഒന്നുമാകുന്നില്ലെന്ന സത്യം മനസ്സിലാക്കുക.

9. കൃത്യനിഷ്ഠയും ജോലിയോടുള്ള ആത്മാർഥതയും: കൃത്യനിഷ്ഠയും ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയുംഏതൊരു വ്യക്തിക്കും ഉണ്ടാകേണ്ട ഒന്നാണ്. സമയം ഏറെ വിലപ്പെട്ടതാണ്. നമ്മൾ കാരണം മറ്റൊരാളുടെ സമയം പാഴാക്കാൻ ഇടവരരുത്. ജോലിക്കെത്തുന്നതിലും സമയക്രമം പാലിക്കേണ്ടതാണ്. അതുപോലെ തന്നെയാണ് ചെയ്യുന്ന ജോലി വൃത്തിയായും വെടിപ്പായും ചെയ്യുക എന്നത്. എത്ര കൂടുതൽ ചെയ്തു എന്നതുമാത്രമല്ല ചെയ്തത് എത്ര നന്നായി ചെയ്തു എന്നതും ശ്രദ്ധേയമാണ്.

10. പഴിചാരൽ ഒഴിവാക്കുക: ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ആഗ്രഹിക്കുന്നവരാണ് എപ്പോഴും പറ്റുന്ന തെറ്റുകൾ മറ്റുള്ളവരുടെ കുഴപ്പംകൊണ്ടാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. മനുഷ്യരായാൽ തെറ്റു പറ്റുക സ്വാഭാവികമാണ്. അത് മനസ്സിലാക്കി തിരുത്താനാണ് ശ്രമിക്കേണ്ടത്. അതിനു പകരം അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് സ്വയം നന്നാക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്തലാണ്. തെറ്റുകൾ തിരുത്തുന്നതിലൂടെ നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ കുറച്ചുകൂടി വളരുക മാത്രമാണ് ചെയ്യുന്നത്.