Thilakan’s character in Sengol is still Hunting.

334

അത് വേണ്ടായിരുന്നു ലോഹി സാർ, അതു മാത്രം വേണ്ടായിരുന്നു! സ്വന്തം മകനായ സേതുമാധവന്റെ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് എസ്.ഐ’യെ ഏൽപ്പിച്ചിട്ട്, “അയാൾ യോഗ്യനല്ല. അയാൾ ഒരു നോട്ടോറിയസ് ക്രിമിനലാണ്” എന്ന് ഉറച്ച മനസ്സോടെ പറഞ്ഞതിനു ശേഷം സല്യൂട്ട് ചെയ്ത് തിരിഞ്ഞു നടക്കുന്ന അച്യുതൻ നായരെ നമ്മള്‍ പ്രേക്ഷകരുടെ മനസ്സിൽ ശക്തമായി രെജിസ്റ്റർ ചെയ്യിപ്പിച്ച അങ്ങ് തന്നെ ആ മനുഷ്യനെ സ്വന്തം മകളെ വ്യഭിചരിക്കാൻ ഹോട്ടലിൽ എത്തിക്കുന്ന സഹായിയാക്കി മാറ്റണ്ടായിരുന്നു! അദ്ദേഹം അത് ചെയ്യില്ല സാർ, ചെയ്യില്ല.അങ്ങനെയൊരു ഗതികേട് വന്നാൽ, ആ കഥയിൽ പറയുന്നതു പോലെ മകൾ ചീത്തയായത് അദ്ദേഹം അറിയുന്ന ആ നിമിഷം തന്നെ ആത്മഹത്യ ചെയ്യുമായിരുന്നു. അല്ലാതെ അതിനു ശേഷം അവളെയും കൊണ്ട് ഹോട്ടലുകളായ ഹോട്ടലുകൾ മുഴുവൻ കറങ്ങി നടന്ന് അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് കുടുംബം പോറ്റാൻ അദ്ദേഹം ശ്രമിക്കില്ല, ഉറപ്പ്. അങ്ങനെയൊരു ഉറപ്പ് തരാൻ കാരണം, നിങ്ങൾ നമുക്കു തന്ന ‘കിരീടം’ എന്ന സിനിമ തന്നെയാണ്.

നടൻ തിലകന് ‘ചെങ്കോൽ’ എന്ന സിനിമയിലെ ഈ പറഞ്ഞ വഴി വിട്ട ട്വിസ്റ്റ് തീരെ ഇഷ്ടമായില്ല എന്നും, അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തതായി എവിടെയോ വായിച്ചിട്ടുണ്ട്. സിബി സാർ അതിനു ചെവി കൊടുത്തില്ലെന്നും, ലോഹി സാർ തനിക്ക് പരിചയമുള്ള ഒരു വ്യക്തിയ്ക്ക് ഇത്തരമൊരു ദുര്യോഗം സംഭവിച്ചു എന്ന ന്യായം പറഞ്ഞ് പിടിച്ചു നിന്നു എന്നും കേട്ടിട്ടുണ്ട്. പക്ഷെ എന്തൊക്കെയായാലും ഞാനെന്ന പ്രേക്ഷകന് ആ ഒരു “ഓവർ റേറ്റഡ്” ട്വിസ്റ്റ് അംഗീകരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. രണ്ടു വ്യാഴവട്ടക്കാലം കഴിഞ്ഞു, എന്നിട്ടും ആ ഹോട്ടൽ രംഗം തന്ന ഷോക്ക് മനസ്സിനെ വിട്ടു പോകുന്നില്ല! തീരെ വയ്യാത്ത ആ പ്രായത്തിലും അച്യുതൻ നായർ തൂമ്പയെടുത്ത് കിളയ്ക്കാൻ പോയേനെ, സ്വന്തം കുടുംബം നോക്കാനായി. അല്ലാതെ അമ്മാതിരി വൃത്തികെട്ട പണിയ്ക്ക് അദ്ദേഹം ശ്രമിക്കില്ല ലോഹി സാർ…വിശ്വസിക്കൂ, പ്ലീസ്, അദ്ദേഹം അങ്ങനെ ചെയ്യില്ല…

എന്തായാലും രണ്ടു പേരും അങ്ങ് മുകളിലെ ഏതെങ്കിലുമൊരു മൂലയിൽ വച്ച് ഈ വിഷയം സംസാരിച്ച് അടിച്ചു പിരിഞ്ഞിട്ടുണ്ടാവും, ഉറപ്പ്,

“എടോ താൻ ആ കഥാപാത്രത്തെ അങ്ങനെ എഴുതി മാറ്റിക്കളഞ്ഞത് ചെറ്റത്തരം തന്നെയാണ്…”

“അത് ചേട്ടാ ഞാൻ പറഞ്ഞില്ലേ, അങ്ങനെയൊരു ആശാനെ എനിക്ക് നേരിട്ടു കണ്ട് പരിചയമുണ്ട്…അതാ…”

“താൻ കൂടുതലൊന്നും പറയണ്ട…മഹാ അപരാധമാണ് താൻ അച്യുതൻ നായരോട് കാണിച്ചത്…”

“മനുഷ്യാ നിങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ? ഇവിടെ കിടന്ന് ഒച്ചയെടുക്കാൻ പറ്റില്ല, ദേവഭടന്മാർ പ്രശ്നമുണ്ടാക്കും….തൽക്കാലം നിങ്ങൾ ആ വിഷയം വിടൂ…”

“പറ്റില്ല…താൻ ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്…ഞാനത് എവിടെയും വിളിച്ച്ചു പറയും…അല്ലെങ്കിൽ എന്റെ പേര് തിലകൻ എന്നല്ല…മനസ്സിലായോ…”

ഇന്നും തുടരുന്നുണ്ടാവും അവിടെ ഇത്തരമൊരു വാക്പയറ്റ്…